ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്‍തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ ‘സൗഭാഗ്യ’മാണ് യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള്‍ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള്‍ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള്‍ തന്റെയും മകളുടെയും സമയം അവര്‍ക്ക് വീതിച്ചു നല്‍കി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത് ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനു വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളുടെ മറുപുറവും കെ ആര്‍ മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.